കുമ്പള.ബദ് രിയാ നഗറിലെ വിധവയായ കദീജുമ്മയ്ക്ക് സ്വന്തമായൊരു വീട് എന്ന സ്വപ്നം യാഥാർഥ്യമാകണമെങ്കിൽ കുമ്പള സെഷൻ കെ.എസ്.ഇ.ബി അധികൃതർ കനിയണം.
2019-20 സാമ്പത്തിക വർഷം ലൈഫ് മിഷൻ ഭവന പദ്ധതിയിൽ കുമ്പള പഞ്ചായത്ത് നൽകിയതാണ് നായിക്കാപ്പ് ശിവാജി നഗറിൽ സർക്കാരിൽനിന്ന് ലഭിച്ച ഭൂമിയിൽ വീടിനുള്ള സഹായം. വീട് നിർമാണം പകുതിയിലായപ്പോൾ വൈദ്യുതി ലൈൻ തടസമായി.വീടിന്റെ മുകളിലൂടെയാണ് വൈദ്യുതി ലൈൻ പോകുന്നത്.
പഞ്ചായത്തുനിന്ന് രണ്ട് ഗഡുക്കളായി ലഭിച്ച ഒന്നേകാൽ ലക്ഷം രൂപ കൊണ്ട് വീടിന്റെ മതിൽ വരെ ഉയർത്തി. പിന്നീടാണ് കുരുക്ക് വീഴുന്നത്.വൈദ്യുതി ലൈൻ വീടിന്റെ മുകളിലൂടെയാണെന്ന കാര്യം വൈകിയാണ് കദീജുമ്മ അറിയുന്നത്. നിർമാണ തൊഴിലാളികൾ വിവരം നേരത്തെ അറിയിച്ചിരുന്നുവെങ്കിൽ ഈ കുരുക്കഴിക്കാൻ നേരത്തെ തന്നെ കഴിയുമായിരുന്നുവെന്ന് കദീജുമ്മ പറയുന്നു.
കഴിഞ്ഞ രണ്ടു വർഷമായി കദീജുമ്മ കെ.എസ്.ഇ.ബി പഞ്ചായത്ത് ഓഫീസുകൾ കയറി ഇറങ്ങുന്നു, രണ്ടിടത്തും പരാതിയും നൽകിയിട്ടുണ്ട്.
ഭവന പദ്ധതിയിലെ ബാക്കി തുക ലഭിക്കണമെങ്കിൽ വീട് നിർമാണം പൂർത്തിയാക്കണം. അതിന് വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. സ്വന്തം ചിലവിൽ വൈദ്യുതി കാൽ മാറ്റിസ്ഥാപിക്കാനുള്ള സാമ്പത്തികശേഷി കദീജുമ്മയ്ക്കില്ല.
കൂലി വേല ചെയ്താണ് വൃദ്ധയായ ഖദീജുമ്മ കുടുംബം പോറ്റുന്നത് തന്നെ.
പാതിവഴിയിലായ വീടിന്റെ ജനലും കട്ടിലുമൊക്കെ ദ്രവിച്ച് വീട് പരിസരം കാടു മൂടി കിടക്കുന്നു.എന്ത് ചെയ്യണമെന്നറിയാതെ കൈ മലർത്തുകയാണ് കദീജുമ്മ.
പദ്ധതി തുക ഇപ്പോൾ ലാപ്സായിട്ടുണ്ടാകുമോയെന്ന് പോലും ഖദീജുമ്മയ്ക്ക് അറിയില്ല. വാടക കെട്ടിടത്തിലാണ് ഇപ്പോൾ താമസം.
കദീജുമ്മയുടെ വീട് പൂർത്തിയാകണമെങ്കിൽ കെ.എസ്.ഇ.ബി കനിയണം
Leave a comment