
മംഗളൂരു: ഉള്ളാൾ കോട്ടേക്കാര്‍ വ്യവസായ സേവാ സഹകരണ ബാങ്ക് കവര്‍ച്ചക്കേസിലെ സൂത്രധാരന്മാരായ രണ്ടുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. കന്ന്യാന സ്വദേശിയും മുംബൈയില്‍ താമസക്കാരനുമായ ഭാസ്‌കര്‍ ബെല്‍ച്ചപാട്(69), തലപ്പാടി കെസി റോഡിലെ മുഹമ്മദ് നസീര്‍ (65) എന്നിവരാണ് മംഗളൂരു പൊലിസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം ബെംഗളുരു റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഭാസ്‌കറിനെ പൊലിസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 3.75 ലക്ഷം രൂപ പിടിച്ചെടുത്തു. ഇയാളില്‍നിന്നു ലഭിച്ച വിവരത്തെ തുടര്‍ന്നാണ് മുഹമ്മദ് നസീറിനെ അറസ്റ്റ് ചെയ്തത്. ഇരുവരും വര്‍ഷങ്ങളായി സുഹൃത്തുക്ക ളായിരുന്നുവെന്നും കോട്ടേക്കാര്‍ ബാങ്കിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നസീര്‍ വഴിയാണ് ഭാസ്‌കറിന് ലഭിച്ചതെന്നും പൊലിസ് പറഞ്ഞു. കെട്ടിടത്തിന്റെ രൂപരേഖ, ബാങ്ക് തൊഴിലാളികളുടെ വിവരങ്ങള്‍ തുടങ്ങിയവ നസീര്‍ ശേഖരിക്കുകയും ഇരുവരും ആദ്യഘട്ട പദ്ധതി തയാറാക്കിയ ശേഷം കവര്‍ച്ചയില്‍ നേരിട്ട് ഇടപെടാന്‍ മറ്റുള്ളവരെ കൊണ്ടുവരികയും ചെയ്യുകയായിരുന്നു. ഭാസ്‌കര്‍ 25 വര്‍ഷമായി മുബൈയില്‍ സ്ഥിര താമസമാണ്. കവര്‍ച്ചക്കേസില്‍ മുന്നു വര്‍ഷം തിഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്നു.
ഡല്‍ഹി, മുംബൈ, ദക്ഷിണ കന്നഡ തുടങ്ങിയ സ്ഥലങ്ങളില്‍ ഇയാള്‍ മോഷണ കേസുകളില്‍ പ്രതിയാണെന്ന് ഉള്ളാള്‍ സബ് ഇന്‍സ്‌പെക്ടര്‍ നാഗരാജ് പറഞ്ഞു.