കുമ്പള.ദേശീയ പാത നിർമാണ പ്രവൃത്തികൾക്കായി കുന്നിടിച്ച് മണ്ണ് കടത്തുന്നത് നിർബാധം തുടരുന്നു.
ബംബ്രാണ-ആരിക്കാടി ഗ്രൂപ്പ് വില്ലേജിൽപ്പെട്ട താഴെ കൊടിയമ്മ കൂദിരക്കണ്ടം ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നിന്നാണ് വ്യാപകമായി മണ്ണ് കടത്തുന്നത്.
വില്ലേജ് ഓഫീസർ അടക്കമുള്ള റവന്യൂ അധികാരികളുടെ അനുമതിയില്ലാതെയാണ് ഇവിടെ നിന്നും മണ്ണ് കടത്തികൊണ്ടുപോകുന്നത്.
ഒരാഴ്ചയിലേറെയായി ഇത് തുടരുന്നു.
നിരവധി കുടുംബങ്ങൾ താമസിക്കുന്ന തൊട്ടടുത്ത കുണ്ടാപ്പ് കോളനിയിലെ വീടുകൾക്ക് ഭീഷണി സൃഷ്ടിക്കുന്ന തരത്തിലാണ് കുന്നിടിക്കൽ പുരോഗമിക്കുന്നത്.
നൂറ് കണക്കിന് ലോഡ് മണ്ണ് ദിവസവും ഇവിടെ നിന്നും കൊണ്ടു പോകുന്നുണ്ട്.
കൂറ്റൻ ഹിറ്റാച്ചി ഉപയോഗിച്ചാണ് കുന്നിടിക്കുന്നത്.
ഇരുപതോളം അടി ഉയരത്തിലാണ് കുന്നിടിക്കൽ.
ഇതേ തുടർന്ന് പ്രദേശവാസികൾ ഭീതിയിലാണ്. കുന്നിടിക്കലിലെ അശാസ്ത്രീയത പ്രദേശത്ത് മഴക്കാലങ്ങളിൽ മണ്ണിടിച്ചിൽ അടക്കമുള്ള അപകടങ്ങൾക്ക് കാരണമായേക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
അനുമതിയോടെയാണ് മണ്ണെടുക്കുന്നതെന്നാണ് കരാർ കമ്പനി അധികൃതർ നാട്ടുകാരോട് പറഞ്ഞത്.
എന്നാൽ കുന്നിടിച്ച് മണ്ണു കടത്താൻ യാതൊരു വിധ അനുമതിയും നൽകിയിട്ടില്ലെന്ന് ബംബ്രാണ വില്ലേജ് ഓഫീസർ പറഞ്ഞു.
മറ്റു റവന്യു അധികാരികൾ അനുമതി നൽകിയതായി അറിയില്ലെന്ന് അദേഹം പറഞ്ഞു. ദേശീയ പാത നിർമാണ ജോലികൾക്ക് ഇത്തരത്തിൽ മഞ്ചേശ്വരം താലൂക്കിലെ വിവിധ മലയോര മേഖലകളിലടക്കം കുന്നിടിക്കലും മണ്ണ് കടത്തലും വ്യാപകമാണ്. ഇന്നത രാഷ്ട്രീയ ഉദ്യാഗസ്ഥന്മാരുടെ മൗനാനുവാദത്തോടെയാണ് ദേശീയ പാത കരാർ കമ്പനി അധികൃതർ നിയമങ്ങൾ കാറ്റിൽ പറത്തി കുന്നിടിക്കുന്നത്.
അതേ സമയം ലോറികൾ കയറി പ്രദേശത്ത്
കോൺക്രീറ്റ് റോഡ് തകരാനിടയായ സംഭവം പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
മണ്ണ് കടത്താൻ മാഫിയകളും
ദേശീയ പാത നിർമാണത്തിൻ്റെ പേരിൽ നിർമാണ കമ്പനി അധികൃതർ കുന്നിടിച്ച് മണ്ണ് കടത്തുന്ന പ്രദേശങ്ങളിൽ ഇതിൻ്റെ മറപിടിച്ച് മണ്ണ് കടത്താൻ മണ്ണ് മാഫിയകളും രംഗത്ത്.
കരാർ കമ്പനി അധികൃതർ അനുമതി കൂടാതെ കുന്നിടിക്കുന്നത് മനസിലാക്കി,
ഇത്തരം പ്രദേശങ്ങളോട് ചേർന്ന് മണ്ണ് കടത്തുന്നത് പതിവാണ്.
വോർക്കാടി, മീഞ്ച, പൈവളിഗെ, പുത്തിഗെ പഞ്ചായത്തുകളിലാണ് ഇത്തരത്തിൽ ദേശീയ പാത നിർമാണത്തിൻ്റെ മറപിടിച്ച് മണ്ണ് മാഫിയകൾ സജീവമായി രംഗത്തുള്ളത്.
പരാതി പെട്ടാൽ തന്നെ പൊലിസ്, റവന്യു അധികൃതർ സ്ഥലത്ത് എത്താൻ തയ്യാറാകുന്നില്ല