
ഉപ്പള.ആറുവരിപ്പാതയിൽ വികസിപ്പിക്കുന്ന തലപ്പാടി-ചെങ്കള ദേശീയ പാത മൊഗ്രാൽ, ഷിറിയ, ഉപ്പള പാലത്തിലെത്തുമ്പോൾ അഞ്ച് വരിയായി ചുരുങ്ങും. മൊഗ്രാൽ,ഷിറിയ, ഉപ്പള എന്നീ പഴയപാലങ്ങൾ പൊളിച്ചുമാറ്റാതെയാണ് ദേശീയ പാതയുടെ നിർമാണം പൂർത്തീകരിക്കാനിരിക്കുന്നത്.
ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങൾ ഇവിടെ കുടുങ്ങുന്നതോടൊപ്പം വലിയ അപകടങ്ങൾക്ക് കാരണമാകുന്നു.
പാലത്തിലും സമീപവും സർവീസ് റോഡില്ലാത്തതും സ്ഥിതി കൂടുതൽ രൂക്ഷമാക്കുന്നു.
ഉപ്പളയിലെ പഴയ പാലം നിലനിർത്തി മിനുക്ക് പണികൾ നടത്തിയപ്പോൾ താൽക്കാലികമാണെന്നാണ് കരുതിയത്.
ഇതിനു പിന്നാലെ മൊഗ്രാൽ പഴയപാലത്തിൽ ടാറിങ് പ്രവൃത്തിക്കു മുന്നോടിയായി ഉപരിതലം ബലപ്പെടുത്തുന്ന ജോലികൾ ആരംഭിച്ചു.
സ്ലിപ്പ് റോഡ് കഴിഞ്ഞാൽ മൊഗ്രാൽ, ഷിറിയ പാലം വഴി പോകാൻ സർവീസ് റോഡോ, നടപ്പാതയോ ഇല്ലാത്തത് ആശങ്കയാണ്.
കൂറ്റൻ കണ്ടെയ്നറുകളും
വിദ്യാഭ്യാസ- കച്ചവട- ആശുപത്രി ആവശ്യങ്ങൾക്കായി കുതിച്ചുപായുന്ന ആയിരക്കണക്കിന് വാഹനങ്ങളും രണ്ടു വരിപ്പാലത്തിൽ കുടുങ്ങും.
പഴയപാലങ്ങൾക്ക് പകരം മൂന്നു വരിയിൽ പുതിയ പാലവും, സർവീസ് റോഡും നിർമിച്ചാൽ മാത്രമേ പ്രശ്നത്തിന് പരിഹാരമാവുകയുള്ളൂ വെന്നാണ് നാട്ടുകാർ പറയുന്നത്.
വിഷയത്തിൽ ആവശ്യം ശക്തമായിട്ടും അധികൃതർ ചെവിക്കൊണ്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
ദേശീയ പാതയിലെ അശാസ്ത്രീയ നിർമാണം കാരണം ഏറ്റവും ഒടുവിൽ ഉപ്പള പാലത്തിലുണ്ടായ അപകടത്തിൽ മൂന്ന് ജീവനുകളാണ് പൊലിഞ്ഞത്.