
കുമ്പള.ദേശീയ പാത നിർമാണം അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ, പലയിടത്തും നിർമാണത്തിലെ അശാസ്ത്രീയത വാഹനങ്ങൾക്ക് ഭീഷണിയാകുന്നു.
കുമ്പള, ഷിറിയ എന്നീ പാലങ്ങൾക്ക് സമീപം പടിഞ്ഞാറ് ഭാഗത്ത് സംരക്ഷണഭിത്തി നിർമിക്കാത്തതാണ് വലിയ തോതിൽ ആശങ്ക സൃഷ്ടിക്കുന്നത്.
ഗോപാലകൃഷ്ണ ക്ഷേത്രത്തിന് സമീപം കുമ്പള പാലം വരെയും, ആരിക്കാടി തങ്ങൾ വീടിന് സമീപം തൊട്ട് ഒളയം ബസ്റ്റോപ് വരെയാണ് സംരക്ഷണ ഭിത്തി നിർമിക്കാതെ ദേശീയ പാത തുറന്നത്.
ദേശീയ പാതയിൽ എല്ലായിടത്തും സംരക്ഷണഭിത്തി നിർമാണം പൂർത്തീകരിച്ചതിനു ശേഷമാണ് റോഡ് നിർമിച്ചത്.
ഏറെ ഭീഷണി നിലനിൽക്കുന്ന ഇവിടെ സംരക്ഷണ നിർമിക്കാതെ റോഡ് തുറന്നത്
ചീറിപ്പാഞ്ഞ് വരുന്ന വാഹനങ്ങൾ അപകടത്തിൽ പെടാൻ ഇടയാക്കുമെന്ന് നാട്ടുകാർ പറയുന്നു.
ഇവിടങ്ങളിൽ റോഡിനോട് ചേർന്ന് ടാർ വീപ്പകൾ അടുക്കി വെച്ചാണ് താൽകാലിക മുന്നറിയിപ്പ് സംവിധാനം ഒരുക്കിയിട്ടുള്ളത്.
അപകടത്തിൽ പെട്ടാൽ പത്തടിയോളം താഴ്ചയിയിലേക്കായിരിക്കും വാഹനങ്ങൾ ചെന്ന് പതിക്കുക.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വേനൽമഴയിൽ റോഡിനോട് ചേർന്നുള്ള ഭാഗംവരെ മണ്ണ് കുത്തിയൊലിച്ച നിലയിലാണ്.
ഇത് റോഡിൻ്റെ സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുമോയെന്ന ആശങ്കയുമുണ്ട്.
ഇവിടെ വച്ച ടാർവപ്പകൾ ഒഴുകി പുഴയിൽ പതിച്ച നിലയിലാണ്.
ഈ ഭാഗങ്ങളിൽ എത്രയും വേഗം സംരക്ഷണ ഭിത്തി നിർമിച്ച് വാഹനയാത്രക്കാർക്ക് സുരക്ഷയൊരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
ധൃതി പിടിച്ച് ദേശീയ പാത പ്രവൃത്തി പൂർത്തീകരിക്കാനുള്ള ശ്രമങ്ങൾക്കിടെയുള്ള ഇത്തരം അശാസ്ത്രീയ നിർമാണത്തിൽ കരാർ കമ്പനി അധികൃതർക്കെതിരേ വലിയ വിമർശനമാണ് ഉയരുന്നത്.