
ഉപ്പള.ദേശീയ പാത നിർമാണം അന്തിമഘട്ടത്തിലും ദുരിതം വിട്ടൊഴിയുന്നില്ല.
പലയിടത്തും മുന്നറിയിപ്പില്ലാതെയാണ് സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നതും ഇറങ്ങുന്നതുമായ വഴികൾ അടക്കുന്നത്.
പകരം സംവിധാനം ഏർപ്പെടുത്താതെയാണ് അധികൃതരുടെ ഇത്തരം നടപടികൾ.
മംഗൽപ്പാടി കുക്കാറിൽ ദേശീയ പാതയിൽ നിന്നും സർവീസ് റോഡിലേക്കുള്ള വഴി അടക്കാനുള്ള നീക്കമാണ് ഇന്നലെ രാവിലെ ജനപ്രതികളുടെയും പൊതു പ്രവർത്തകരുടെയും നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞത്.
കരാർ കമ്പനി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് കുമ്പള ഇൻസ്പെക്ടർ കെ.പി വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ പൊലിസ് സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചു.
എ.കെ.എം അഷ്റഫ് എം.എൽ.എയുടെ സാന്നിധ്യത്തിൽ കലക്ടറുമായി ചർച്ച ചെയ്ത് ഒരു തീരുമാനം ഉണ്ടാകുന്നത് വരെ പ്രവൃത്തി നിർത്തിവെച്ചു.
കരാർ കമ്പനി അധികൃതർ ധിക്കാരപരമായ രീതിയിൽ പെരുമാറിയത് നാട്ടുകാരെ ചൊടിപ്പിച്ചു.
പുറത്ത് കടക്കാനുള്ള വഴി അടക്കുന്നതോടെ ഉപ്പള ഹിദായത്ത് നഗർ മുതൽ മള്ളങ്കൈ വരെ
നാലര കിലോമീറ്റർ ദൂരപരിധിയിൽ ദേശീയ പാതയിൽ നിന്നും പുറത്ത് കടക്കാൻ കഴിയാതെ സ്ഥിതിയുണ്ടാകും.
ഇതിനിടെ മൂന്നോളം സ്ഥലങ്ങളിൽ എൻട്രി സൗകര്യമുണ്ട്. ജനപ്രിയ ജങ്ഷന് സമീപം ഫെറോ ഹാളിന് മുൻവശത്തെ എൻട്രിക്കു പകരം ഇത് എക്സിറ്റാക്കി മാറ്റണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
തീരുമാനം ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിലും നിർമാണം തടയാൻ തന്നെയാണ് ആലോചന.
മംഗൽപ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് റുബീന നൗഫൽ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.കെ മുഹമ്മദ് ഹനീഫ്, മംഗൽപാടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഇർഫാന ഇഖ്ബാൽ, പഞ്ചായത്തംഗങ്ങളായ ഇബ്രാഹീം പെരിങ്കടി, റഷീദ, ബീവി, പൊതുപ്രവർത്തകരായ കെ.എഫ് ഇഖ്ബാൽ, അബ്ദുല്ല മാദേരി, അഷ്റഫ് ബഡാജെ,അസീസ് ഹാജി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രവൃത്തി തടഞ്ഞത്.