
മഞ്ചേശ്വരം.നിർത്താതെ തിമർത്തു പെയ്യുന്ന മഴയിൽ വിറങ്ങലിച്ച് നാട്. മഞ്ചേശ്വരത്തെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
രണ്ട് പതിറ്റാണ്ടിന് ശേഷം മഞ്ചേശ്വരം ഭാഗങ്ങളിൽ ഇത്രയേറെ വെള്ളം കയറുന്നത് ഇതാദ്യമായാണ്.
മച്ചമ്പാടി ജുമാമസ്ജിദിൽ ഒരാൾ പൊക്കത്തിൽ വെള്ളം കയറിയതോടെ ജുമുഅ പ്രാർഥന മുടങ്ങി.
മച്ചമ്പാടി,പാവൂർ പ്രദേശത്തെ നൂറോളം വീടുകളിൽ വെള്ളം കയറി.കാർ, ബൈക്ക് ഉൾപ്പെടെ വാഹനങ്ങൾ പൂർണമായും മുങ്ങുന്ന സ്ഥിതിയുണ്ടായി.
മഞ്ചേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരം, ഉദ്യാവരം, പൊസോട്ട് സത്യടുക്ക, പൊസോട്ട് വലിയ വളപ്പ്, മജിബയൽ എന്നീ പ്രദേശങ്ങളും വെള്ളത്തിനിടയിലായി.
മലയോര ഹൈവേയിലെ ചേവാറിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ഗതാഗതം നിരോധിച്ചു.
മഞ്ചേശ്വരം താലൂക്കിലെ മുഴുവൻ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.
ഷിറിയ, ഉപ്പള പുഴയിൽ നീരൊഴുക്ക് ക്രമാതീതമായി വർധിച്ചു.
പുഴയോരത്ത് താമസിക്കുന്നവർക്ക് കഴിഞ്ഞ ദിവസം തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
ശക്തമായ കാറ്റിൽ വിവിധ പ്രദേശങ്ങളിൽ മരം വീണ് ഗതാഗതം തടസപ്പെടുകയും, വൈദ്യുതി തൂണുകൾ തകരുകയും ചെയ്തു.
മണിമുണ്ട, മലബാർ നഗർ, മുസോടി, കൊയിപ്പാടി, പെർവാട്, നാങ്കി, കൊപ്പളം തീരത്ത് കടലാക്രമണ ഭീഷണി നിലനിൽക്കുന്നു.
മഴ, ദക്ഷിണ കർണാടകയിലെ വിവിധ ഭാഗങ്ങളിലും വ്യാപക നാശനഷ്ടമുണ്ടാക്കി.
മംഗളൂരു ഉള്ളാളിൽ വീടുകൾക്ക് മുകളിൽ കുന്നിടിഞ്ഞു വീണ് രണ്ട് കുട്ടികള്‍ അടക്കം മൂന്ന് പേർ മരിച്ചു.
നൈമ(10) പ്രേമ ലത(50) ഇവരുടെ ഒരു വയസുളള പേരക്കുട്ടി എന്നിവരാണ് മരിച്ചത്.
ഇവിടെ മഴയും മഴക്കെടുതിയും രൂക്ഷമാവുകയാണ് . വീടുകളില്‍ വെള്ളം കയറിയതിനാല്‍ ജനജീവിതം ദുസഹമായി. കുംപാള, കല്ലപ്പ്, ധർമ്മനഗർ, ഉച്ചില, തലപ്പാടി, തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു
കൊങ്കണ്‍ പാതകള്‍ മണ്ണിടിച്ചില്‍ ഭീഷണിയിലാണ് . കർണാടകയിലെ തീരദേശ – മലനാട് ജില്ലകളില്‍ റെഡ് അലേർട്ട് തുടരുകയാണ്.