
തിരുവനന്തപുരം. സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് വിപണി ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി. രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങളെ സഹായിക്കാനാണ് തുക ലഭ്യമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
വിപണി ഇടപെടലിനായി 250 കോടി രൂപയാണ് ഈ വര്‍ഷം ബജറ്റില്‍ സപ്ലൈകോക്ക് നീക്കിവച്ചിട്ടുള്ളത്. ഇതിലൂടെ ഓണക്കാലത്തേക്ക് അടക്കമുള്ള അവശ്യസാധനങ്ങളുടെ സംഭരണം മുന്‍കൂട്ടി ഉറപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞവര്‍ഷവും ബജറ്റില്‍ സപ്ലൈകോക്ക് വിപണി ഇടപെടലിനായി 250 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. എന്നാല്‍ 489 കോടി രൂപ അനുവദിച്ചു. 284 കോടി രൂപ കഴിഞ്ഞ വര്‍ഷം അധികമായി നല്‍കിയിരുന്നു. 2011-12 മുതല്‍ 2024-25 വരെ, 15 വര്‍ഷക്കാലം സപ്ലൈകോയുടെ നേരിട്ടുള്ള വിപണി ഇടപെടലിനുള്ള സഹായമായി 7630 കോടി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇതില്‍ 410 കോടി രൂപ മാത്രമാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ അഞ്ചുവര്‍ഷത്തില്‍ നല്‍കിയിട്ടുള്ളതെന്നും ബാക്കി 7220 കോടി രൂപയും എല്‍.ഡി.എഫ് സര്‍ക്കാറുകളാണ് അനുവദിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.