
കുമ്പള.പൊതു പണിമുടക്ക് ദിനത്തിൽ സീതാംഗോളിയിൽ കടകൾ അടപ്പിക്കുകയും വാഹനങ്ങൾ തടഞ്ഞു നിർത്തുകയും ചെയ്ത് ഗുണ്ടായിസം നടത്തിയ സി.പി.എം പ്രവർത്തകരുടെ അക്രമാസക്തമായ പ്രവണതയെ ധൈര്യ പൂർവ്വം നേരിട്ട് അക്രമികളെ അറസ്റ്റ് ചെയ്ത് നോക്കാതെ ജയിലിൽ അടച്ച കുമ്പള പൊലിസിൻ്റെ ധീരവും ശക്തവുമായ നിയമ നടപടിയെ യു.ഡി.എഫ് മഞ്ചേശ്വര മണ്ഡലം ചെയർമാൻ അസീസ് മരിക്കെ, ജനറൽ കൺവീനർ മഞ്ജുനാഥ ആൾവ എന്നിവർ അഭിനന്ദിച്ചു. പൊലിസ് ഉദ്യോഗസ്ഥന്മാരെ സ്റ്റേഷനിൽ കയറി വേണ്ടുന്നത് ചെയ്യുമെന്നും സ്ഥലം മാറ്റമോ പണിഷ്മെൻ്റോ അല്ല ചെയ്യാനുദ്ദേശിക്കുന്നതെന്നും സ്റ്റേഷനിൽ കയറി കായികമായി കൈകാര്യം ചെയ്യുമെന്ന് പറയുന്ന സി.പി.എം ഏരിയ സെക്രട്ടറിയുടെ പ്രസംഗം പൊതു സമൂഹത്തോടുള്ള വെല്ലുവിളിയും ഭരണത്തിന്റെ തണലിൽ മൈക്ക് കയ്യിൽ കിട്ടിയാൽ എന്തു തോന്നിയാസവും വിളിച്ചു പറയാമെന്നതുമാണ്.
ജനദ്രോഹ ഭരണത്തിൽ അണികൾ കൊഴിഞ്ഞു പോകുന്നത് പിടിച്ചു നിർത്താനാണ് ഇത്തരം ഭീഷണി പ്രസംഗമെന്നും നേതാക്കൾ പറഞ്ഞു.
സത്യസന്ധമായി ജോലി ചെയ്യുന്ന പൊലിസ് ഉദ്യോഗസ്ഥന്മാരുടെ മനോവീര്യം കെടുത്താൻ മാത്രമേ ഇത്തരം വെല്ലുവിളികൾ കാരണമാകൂ.
നാടിൻ്റെ സമാധാനന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ഇത്തരം നേതാക്കളെ പിടിച്ചു കെട്ടാൻ സി.പി.എം സംസ്ഥാന നേതൃത്വം മുന്നോട്ടു വരണം. സത്യസന്ധമായി ജോലി ചെയ്യുന്ന പൊലിസ് ഉദ്യോഗസ്ഥർക്ക്
സംരക്ഷണം നൽകാൻ യു.ഡി.എഫ് പ്രവർത്തകർ നിർബന്ധിതരാകുമെന്നും നേതാക്കൾ കൂട്ടി ചേർത്തു