
കുമ്പള.കുമ്പള ഗ്രാമപഞ്ചായത്തിനെ സമ്പൂർണ ആധികാരിക രേഖകളുള്ള പഞ്ചായത്തായി പ്രഖ്യാപിച്ചു. എ.ബി.സി.ഡി (ആദിവാസി ബെനിഫിഷറി കൗണ്ട് ആൻ്റ് ഡോക്കുമെൻ്റേഷൻ) പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡൻ്റ് യു.പി. താഹിറ യൂസഫ് നിർവഹിച്ചു. പട്ടികവർഗ വിഭാഗക്കാർക്കുള്ള എല്ലാ ആധികാരിക രേഖകളും പൂർത്തിയാക്കിയാണ് കുമ്പള പഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്.
പരിപാടിയിൽ വൈസ് പ്രസിഡൻ്റ് നാസർ മൊഗ്രാൽ അധ്യക്ഷനായി.
വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ സബൂറ.എം, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബി.എ.റഹ്മാൻ, പഞ്ചായത്ത് അസി.സെക്രട്ടറി മാധവൻ കെ, അക്ഷയ ബ്ലോക്ക് കോ-ഓർഡിനേറ്റർ എ.വി. ബാബു എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങളായ മോഹന, പുഷ്പലത ഷെട്ടി, സുലോചന, ശോഭ, റിയാസ് മൊഗ്രാൽ, കൗലത്ത് ബീവി, അനിൽ, വിദ്യ എൻ.പൈ, പ്രേമാവതി,ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ വീണ നാരായൺ, അക്ഷയ ബ്ലോക്ക് കോ- ഓഡിനേറ്റർ അശോക,
കമ്മ്യൂണിറ്റി സോഷ്യൽ വർക്കർമാർ, ഊര്മൂപ്പന്മാർ, പ്രൊമോട്ടർമാർ എന്നിവരുൾപ്പെടെ നൂറുകണക്കിനാളുകൾ സംബന്ധിച്ചു.
എ.ബി.സി.ഡി പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച കുമ്പള അക്ഷയ സെൻ്റർ മാനേജർ വനിത്ത് കുമാർ, കളത്തൂർ അക്ഷയ സംരംഭക ഫാരീഷ എന്നിവർക്കുള്ള പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.
തദ്ദേശഭരണ സ്ഥാപനത്തിനുള്ള ജില്ലാ ഭരണകൂടത്തിൻ്റെ അഭിനന്ദനപത്രം പഞ്ചായത്ത് പ്രസിഡൻ്റും ഭരണസമിതി അംഗങ്ങളും ചേർന്ന് ഏറ്റുവാങ്ങി.
ഈ നേട്ടം കുമ്പള ഗ്രാമപഞ്ചായത്തിലെ പട്ടികവർഗ വിഭാഗക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.