
ഉപ്പള.അടുത്ത കാലത്തായി ഗൂഗിൾ മാപ്പ് ചതിക്കുന്ന വാർത്തകൾ നിരവധിയാണ്.
അത്തരത്തിൽ ഗൂഗിൾ മാപ്പ് നോക്കി ഉപ്പള ബീച്ച് ലക്ഷ്യമാക്കി ഇറങ്ങിയ വിദേശ പൗരനായ യുവാവ് എത്തിയത് ഉപ്പള ഹിദായത്ത് നഗറിലെ വീടിനു മുന്നിൽ.
ഇംഗ്ലണ്ടുകാരൻ ഫെർഗൂസ് ട്രൊവറെയാണ് ഗൂഗിൾ മാപ്പ് പറ്റിച്ചത്.
ജില്ലാ പഞ്ചായത്തംഗവും യൂത്ത് ലീഗ് നേതാവുമായ ഗോൾഡൻ റഹ്മാൻ്റെ വീട്ടിലേക്ക് അപ്രതീക്ഷിതമായി എത്തിയ അതിഥിയെ കണ്ടത് എല്ലാവർക്കും കൗതുകമായി.
വ്യാഴാഴ്ച വൈകിട്ട് ആറരയോടെയാണ്
ഫെർഗൂസ് ട്രൊവർ വീടിന് മുന്നിൽ തൻ്റെ സൈക്കിളിൽ വന്നിങ്ങിയത്.
റഹ്മാൻഗോൾഡൻ അദേഹത്തോട് വിവരങ്ങൾ തിരക്കിയതോടെ കാര്യങ്ങൾ മനസിലായി.
വീട്ടുകാർ ഒരു പരിപാടിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് അതിഥിയെത്തിയത്.
തിരക്കിനിടയിൽ സൽക്കരിക്കുകയും
വീടിൻ്റെ വരാന്തയോട് ചേർന്ന് കിടന്നുറങ്ങാൻ സൗകര്യവും ഒരുക്കി.
രാത്രി പതിനൊന്നോടെയാണ് റഹ്മാൻ വീട്ടിൽ തിരിച്ചെത്തിയത്. നല്ല ഉറക്കത്തിലായിരുന്നു ഫെർഗൂസ് ട്രൊവർ.
വെളുപ്പിന് അഞ്ചരയോടെ വീട്ടുകാർ ഉണർന്നപ്പോഴേക്കും അദേഹം മറ്റൊരു ലക്ഷ്യസ്ഥാനവും തേടി യാത്ര തുടർന്നിരുന്നു.
നിങ്ങൾ നൽകിയ സ്നേഹത്തിനും സൽക്കാരത്തിനും നന്ദി അറിയിച്ചുള്ള കുറിപ്പ് എഴുതിവച്ചാണ് അദേഹം യാത്രയായത്.
അന്വേഷിക്കാൻ റഹ്മാൻ ഗോൾഡൻ വാട്സ് ആപ് സന്ദേശം അയച്ചപ്പോൾ,
ഇത് യാത്രയിലെ അപൂർവ്വം അനുഭവമാണെന്നും ഒരിക്കലും മറക്കില്ലെന്നും മറുപടി സന്ദേശം കിട്ടി.
രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങൾ സൈക്കിളിലൂടെ യാത്ര ചെയ്ത് മണ്ണ് ഗവേഷണമാണ് ലക്ഷ്യം.
രണ്ടാഴ്ച മുമ്പ് മുംബൈ വിമാനത്താവളത്തിൽ ഇറങ്ങി, അവിടെ നിന്നാണ് യാത്രയുടെ തുടക്കം.
