
കാസർകോട്.ലഹരി മാഫിയകളെ പിടിച്ചുകെട്ടുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടതോടെ ഒടുവിൽ നാട്ടുകാരും ജമാഅത്ത് കമ്മിറ്റികളും ഉണർന്നു.
ലഹരി മാഫിയകൾക്കെതിരേയുള്ള ജമാഅത്ത് കമ്മിറ്റികളുടെ പോരാട്ടം വിജയം കാണുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു.
സ്കൂൾ കുട്ടികൾക്കു കഞ്ചാവു വിൽപ്പന നടത്തിയ സമീർ എന്ന യുവാവിനെ കളനാട് മഹല്ല് ജമാഅത്ത് കമ്മിറ്റി ജമാഅത്ത് അംഗത്വത്തിൽ നിന്നു പുറത്താക്കി.
ലഹരിമാഫിയക്കു സഹായം ചെയ്‌തു കൊടുക്കുന്നവരെയും ലഹരി മാഫിയയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാനും അത്തരക്കാരെ സംരക്ഷിക്കാൻ ശ്രമിക്കുന്നവരെ ജമാഅത്ത് കമ്മിറ്റി അംഗത്വത്തിൽ നിന്നും ജമാഅത്ത് കമ്മിറ്റി മുഖേനയുള്ള ഔദ്യോഗിക സേവനങ്ങളിൽ നിന്നു മാറ്റി നിറുത്താനും ജമാഅത്ത് കമ്മിറ്റി തീരുമാനിച്ചു. അന്യ നാടുകളിൽ നിന്നു നാട്ടിലെത്തി വാടകക്കു താമസിക്കുന്നവരിൽ സംശയാസ്‌പദമായി കാണുന്നവർക്കു വാടകക്കു വീടുകൊടുക്കുന്നവർ ജാഗ്രത പാലിക്കണം. കളനാടിന്റെ വിവിധ ഭാഗങ്ങളിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കും. മക്കളുടെ സംശയകരമായ പെരുമാറ്റത്തിലും രാത്രി കാലങ്ങളിലെ സവാരികളും രക്ഷിതാക്കൾ നിരീക്ഷിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. നാട്ടിലെ കൗമാരക്കാരെ ഉൾപ്പെടുത്തി ലഹരിവിരുദ്ധ കാമ്പയിനും സംഘടിപ്പിക്കുമെന്നു ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.