
കുമ്പള.സംസ്ഥാനത്തെ കാർഷിക പ്രതിസന്ധി പരിഹരിക്കുന്നതിനും,കേരള കാർഷിക ബദൽ നിർദേശിച്ചും ഭാരതീയ കിസാൻ സംഘ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കാർഷിക നവോത്ഥാന യാത്രക്ക് മഞ്ചേശ്വരത്ത് തുടക്കമാകുമെന്ന് കിസാൻ സംഘ് ജില്ലാ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഏപ്രിൽ 2ന് രാവിലെ 9 മണിക്ക് മഞ്ചേശ്വരത്ത് രാഷ്ട്രകവി ഗോവിന്ദ പൈ സ്മാരകത്തിൽ നിന്നാരംഭിച്ച് 28ന് തിരുവനന്തപുരം ഗാന്ധി പാർക്കിൽ സമാപിക്കും.
2,3 തീയതികളിൽ ജില്ലയിലെ
പതിനൊന്ന് പോയിൻ്റുകളിൽ യാത്ര പര്യടനം നടത്തും.
ഭാരതീയ കിസാൻ സംഘ് സംസ്ഥാന പ്രസിഡൻ്റ് ഡോ.അനിൽ വൈദ്യ മംഗലം നയിക്കുന്ന യാത്ര
2500 കിലോമീറ്റർ സഞ്ചരിച്ച് പതിനാല് ജില്ലകൾ, 152 ബ്ലോക്കുകൾ, ആയിരക്കണക്കിന് ഗ്രാമങ്ങളിലൂടെ കടന്നു പോകും.
കാർഷിക ഗവേഷണ സ്ഥാപനങ്ങൾ, കൃഷിയിടങ്ങൾ, കോൾ നിലങ്ങൾ, എന്നിവ യാത്രയുടെ ഭാഗമായി സന്ദർശിച്ച് രണ്ട് ലക്ഷം കർഷകരുമായി നേരിട്ട് സംവധിക്കും.
യാത്രയുടെ ഭാഗമായി വിവിധയിടങ്ങളിൽ കർഷകരെ ആദരിക്കും.
ഏപ്രിൽ 14 ന് ഗുരുവായൂരിൽ വിഷു കാർഷിക ഗ്രാമോത്സവം നടക്കും.
ഭാരതീയ കിസാൻ സംഘ് അഖിലേന്ത്യ സെക്രട്ടി ദിനേശ് ദത്താത്രയ തുൽക്കർണി ഉദ്ഘാടനം ചെയ്യും.
കഴിഞ്ഞ പത്ത് വർഷമായി കാർഷിക വളർച്ചാ നിരക്കിൽ നെഗറ്റീവ് സൂചികമായി കേരളം മാറിയതായും, മാറി മാറി വരുന്ന സംസ്ഥാന സർക്കാറുകളുടെ വികലമായ നയങ്ങൾ കേരളത്തിലെ കാർഷിക മേഖലയെ തകർത്തതായും നേതാക്കൾ കുറ്റപ്പെടുത്തി.
ഭൂപരിഷ്ക്കരണ നയം, വന നിയമങ്ങൾ, ഭൂ പതിവ് ചട്ടവും നിയമവും, തണ്ണീർതട നിയമം, കാലാവസ്ഥാ വ്യതിയാനം, വന്യ ജീവി ആക്രമണം,കീടനാശിനി കളുടെയും രാസവളങ്ങളുടെയും അമിത പ്രയോഗം, വർധിച്ച കൂലിച്ചെലവ എന്നിവ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതായും നേതാക്കൾ പറഞ്ഞു.
കർഷകരെ രാജ്യ സേവകരായി പ്രഖ്യാപിക്കുക,
കാർഷിക ലോണുകൾ പലിശരഹിതമാക്കുക, കാർഷിക ആവശ്യത്തിന് വൈദ്യുതിയും പ്രാഥിമിക ചിലവും സൗജന്യമാക്കുക, 60 വയസ് തികഞ്ഞ അർഹതപ്പെട്ട കർഷകർക്ക് പ്രതിമാസം 25000 രൂപ പെൻഷൻ അനുവദിക്കുക, കൃഷിഭൂമിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുക, വന്യ ജീവികളുടെ ആക്രമണം തടയുന്നതിന് സത്വര നടപടികൾ സ്വീകരിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമൻ അശോക് കുമാർ ഹൊള്ള,ഭാരതീയ കിസാൻ സംഘ് സംസ്ഥാന വൈസ് പ്രസിഡൻ്റ് രാമ എൻ.കളത്തൂർ,
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വിനോദ് കുമാർ ബായാർ,ഭാരതീയ കിസാൻ സംഘ് ജില്ലാ പ്രസിഡൻ്റ് കുഞ്ഞിരാമൻ നമ്പ്യാർ എന്നിവർ സംബന്ധിച്ചു
