
കുമ്പള.കഴിഞ്ഞ ഒരാഴ്ചയിലേറെയായി കുമ്പളയിലെ രാഷ്ട്രീയ ഭൂപടത്തിൽ ആഞ്ഞുവീശിയ കൊടുങ്കാറ്റിൻ്റെ ദിശ മാറുന്നു.
പഞ്ചായത്ത് തനത് ഫണ്ട് ഉപയോഗിച്ച് കുമ്പള നഗരത്തിൽ നിർമിച്ച ബസ് വെയിറ്റിങ് ഷെൽട്ടറുമായി ബന്ധപ്പെട്ടുണ്ടായ അഴിമതി ആരോപണവും ഇതേ ചൊല്ലിയുള്ള പ്രസ്താവനാ യുദ്ധങ്ങളും കുമ്പളയിലെ ലീഗ് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയിരുന്നു.
സി.പി.എം, ബി.ജെ.പി ഉൾപ്പെടെ മുഖ്യധാരാ പാർട്ടികളും ചെറുപാർട്ടികളടക്കം ആരോപണങ്ങൾക്ക് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രസ്താവനകളുമായി മൂർച്ച കൂട്ടിയെങ്കിലും ഏറെ വൈകിയും മൗനം തുടർന്ന മുസ് ലിം ലീഗ് നേതൃത്വം ഇന്നലെയാണ് വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയത്.
തൊട്ടുപിന്നാലെ ആരോപണങ്ങളുടെ മുനയൊടിക്കാൻ പഞ്ചായത്ത് പ്രസിഡൻ്റ് യു.പി താഹിറ തന്നെ രംഗത്തെത്തിയത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.
ബസ് ഷെൽട്ടർ നിർമാണത്തിൽ ആരോപണം ഉയർന്ന പശ്ചാതലത്തിൽ ഇതേ കുറിച്ച് സമഗ്ര അന്വഷണം ആവശ്യപ്പെട്ട്
സംസ്ഥാന വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ,
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് എന്നിവർക്ക് കത്തയച്ചതാണ് തങ്ങളുടെ കൈകൾ ശുദ്ധമെന്ന്
സമർത്ഥിക്കുന്നത്.
ട്രാഫിക് പരിഷ്കാരവുമായി ബന്ധപ്പെട്ടാണ് ബസ് ഷെൽട്ടർ നിർമാണം അക്രഡിറ്റ് ഏജൻസിയായ ഹാബിറ്റാറ്റ് മുഖേന നിർവഹണം നടത്തുന്നത്.
പഞ്ചായത്ത് ഭരണ സമിതി യോഗ തീരുമാനപ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും
പ്രവൃത്തി പൂർത്തീകരണ ഘട്ടത്തിലെത്തുമ്പോഴാണ് അഴിമതി ആരോപണം ഉയർന്ന് വന്നതെന്നും കത്തിൽ പറയുന്നു.
വിവിധ രാഷ്ട്രീയ പാർട്ടികളും കൂടി അഴിമതി ഉന്നയിച്ച സാഹചര്യത്തിലാണ് പഞ്ചായത്ത് പ്രസിഡൻ്റ് തന്നെ പരാതി നൽകിയത്.
അതിനിടെ ബസ് ഷെർട്ടർ നിർമാണത്തിൽ അഴിമതി ആരോപണം ഉന്നയിച്ച് വിവാദമുണ്ടാക്കുന്നത് പഞ്ചായത്ത് തെരഞ്ഞടുപ്പ് മുന്നിൽ കണ്ടാണെന്ന് മുസ് ലിം ലീഗ് കുമ്പള പഞ്ചായത്ത് പ്രസിഡൻ്റ് ബി.എൻ മുഹമ്മദലി ജന.സെക്രട്ടറി യൂസുഫ് ള്ളുവാർ പ്രസ്താവനയിൽ പറഞ്ഞു.
എൽ.ഡി.എഫ് ഭരിക്കുന്ന
ജില്ലാ പഞ്ചായത്ത് ഓഫീസ് കെട്ടിടം നിർമിച്ചതും ഹാബിറ്റാറ്റ് ഏജൻസിയാണ്.
കുമ്പളയിൽ ട്രാഫിക് പരിഷ്കാരം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ബസ് ഷെർട്ടർ നിർമിക്കുന്നത്. ഇത് വൈകിപ്പിക്കുകയെന്ന ഉദ്ദേശത്തോടെയാണ് അഴിമതി ഉന്നയിക്കുന്നവർ ലക്ഷ്യമിടുന്നതെന്നാണ് ലീഗ് പറയുന്നത്.
അഴിമതിയുണ്ടെങ്കിൽ വിജിലൻസോ തദ്ദേശ സ്വയംഭരണ വകുപ്പോ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നാണ് പാർട്ടി നിലപാടെന്ന് അവർ പ്രതികരിച്ചു.
പരാതി നൽകിയവർ ബന്ധപ്പെട്ട അന്വേഷണ ഏജൻസികള കൊണ്ട് അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി നിജസ്ഥിതി പൊതുജനങ്ങൾ മുമ്പാകെ കൊണ്ട് വരാൻ തയ്യാറാകണമെന്നും മുസ് ലിം ലീഗ് ആവശ്യപ്പെട്ടു.
അതിനിടെ കുമ്പള പഞ്ചായത്തിൽ അഴിമതി ഭരണമെന്നാരോപിച്ച് സി.പി.ഐ.എം നടത്തിയ പഞ്ചായത്ത് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി. നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്ത മാർച്ചിൽ പൊലിസുമായി നേരിയ ഉന്തും തള്ളുമുണ്ടായി.
