
മഞ്ചേശ്വരം.കുഞ്ചത്തൂർ അടുക്കപ്പള്ളക്ക് സമീപം മംഗളൂരു മുൽക്കി സ്വദേശിയായ ഓട്ടോ ഡ്രൈവർ മുഹമ്മദ് ഷെരീഫിനെ കൊലപ്പെടുത്തി മൃതദേഹം കിണറ്റിൽ തള്ളിയ സംഭവത്തിൽ ഒരാൾ പിടിയിൽ.
മംഗളുരുവിലെ ഓട്ടോ ഡ്രൈവറായ അഭിഷേഖ് ഷെട്ടിയെയാണ് മഞ്ചേശ്വരം പൊലിസ് കസ്റ്റഡിയിലെടുത്തത്.
അഭിഷേഖ് ഷെട്ടിയാണ് മുഹമ്മദ് ഷെരീഫിനെ ഓട്ടോ പിടിച്ച് കുഞ്ചത്തൂരിൽ എത്തിയതെന്നാണ് വിവരം.
ഓട്ടോയിൽ മൂന്ന് പേർ ഉണ്ടായിരുന്നതായി പറയുന്നു.
ഇയാളെ ചോദ്യം ചെയ്താൽ മാത്രമേ കൃത്യമായ വിവരം ലഭിക്കുകയുള്ളു. എത്ര പേർ കസ്റ്റഡിയിലുണ്ടെന്ന കാര്യം പൊലിസ് വ്യക്തമാക്കിയിട്ടില്ല.
ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയോടെയായിരുന്നു മുഹമ്മദ് ഷെരീഫിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആൾമറയില്ലാത്ത കിണറ്റിലേക്ക് ഓട്ടോ റിക്ഷ ചെരിഞ്ഞ് കിടക്കുന്നത് ശ്രദ്ധയിൽ പെട്ട വഴിയാത്രക്കാരൻ കിണറിനകത്തേക്ക് നോക്കിയപ്പോഴാണ് ഒരാൾ മരിച്ചു കിടക്കുന്നതായി കണ്ടത്.
മൃതദേഹത്തിൽ കൈക്കും കാലിനും വെട്ടേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്.
ഇതോടെയാണ് കൊലപാതകമാണെന്ന നിഗമനത്തിൽ എത്തിയത്.