
മഞ്ചേശ്വരം.ആരോഗ്യം, പാർപ്പിടം, ശുചിത്വം, മാലിന്യ സംസ്കരണ എന്നിവയ്ക്ക് പരിഗണന നൽകിക്കൊണ്ടുള്ള മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൻ്റെ 2025- 2026 വർഷത്തെ ബജറ്റ് വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഹനീഫ് പി.കെ അവതരിപ്പിച്ചു.
പൊതുജനങ്ങൾക്ക് ദീർഘകാലടിസ്ഥാനത്തിൽ സാമുഹ്യവും സാമ്പത്തികവുമായ ഉന്നമനം ലക്ഷ്യം വെച്ചുള്ള ബജറ്റായിരുന്നു.
92,98,292 രൂപ പ്രാരംഭിക ബാക്കിയും,377804973 രൂപ വരവും, 377080200 രൂപ ചിലവും, 10023065 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.
ബ്ലോക്ക് പരിധിയിലെ ആരോഗ്യ കേന്ദ്രങ്ങളായ മംഗൽപ്പാടി താലൂക്ക് ആശുപത്രി, മഞ്ചേശ്വരം സി.എച്ച്.സി എന്നീ ആശുപത്രികളിൽ മരുന്ന് ലഭ്യമാക്കാനും മറ്റും രണ്ട് കോടി വകയിരുത്തി.
എല്ലാവർക്കും വീടെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വീടില്ലാത്തവരെ കണ്ടെത്തി,പി.എം ജൻമൻ പദ്ധതിയിൽ ഉൾപ്പെടുത്തി 2.40 ലക്ഷം വകയിരുത്തി.
പട്ടിക ജാതി പട്ടികവർഗ വിഭാഗങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും, ഭവന, പഠന മുറി നിർമാണത്തിനും 1.76 ലക്ഷം വകയിരുത്തി.
നിരത്തുകളിലെ മാലിന്യ നിർമാർജ്ജനവും, പ്ലാസ്റ്റിക്കിൻ്റെ ഉപഭോഗം കുറക്കൽ, ഉറവിട മാലിന്യ സംസ്കരണം എന്നിവയ്ക്കായി ഹരിത കേരള മിഷൻ, ക്ലീൻ കേരള മിഷൻ എന്നിവയുടെപ്രവർത്തനങ്ങൾക്ക് 90 ലക്ഷം വകയിരുത്തി.
നെൽകൃഷി വികസനം 32 ലക്ഷം, ക്ഷീര കർഷകർക്ക് പാലിന് സബ്സിഡി ഇനത്തിൽ ഇരുപത് ലക്ഷം, പാടശേഖര സമിതിക്ക് അരി മില്ല് അനുബന്ധ ഉപകരണങ്ങൾ വാങ്ങൽ പത്ത് ലക്ഷം, മുളവിത്ത് 5 ലക്ഷം,പച്ചക്കറി കൃഷി രണ്ട് ലക്ഷം, നേന്ത്രവാഴ കൃഷി ഒരു ലക്ഷം വകയിരുത്തി.
വിദ്യാഭ്യാസ മേഖലയിൽ വിവിധ പദ്ധതികൾക്കായി 46 ലക്ഷവും
ഭിന്നശേഷി സ്കോളർഷിപ്പിന് 30 ലക്ഷം,വനിതകൾക്ക് സ്വയം തൊഴിൽ പരിശീലനത്തിന് 40 ലക്ഷവും വകയിരുത്തി.
വിവിധ കേന്ദ്ര പദ്ധതികൾ സംയോജിപ്പിച്ച് കുടിവെള്ള പദ്ധതികൾക്ക് 51 ലക്ഷം,
വിവിധ പദ്ധതികളിലായി റോഡ് വികസനത്തിന് 4.3 കോടിയും ഡ്രൈനേജ് നിർമാണത്തിന് 51.25 ലക്ഷവും വകയിരുത്തി.
കുട്ടികളുടെ കായിക ക്ഷമത ഉറപ്പു വരുത്തുന്ന പദ്ധതികൾക്ക് ബജറ്റിൽ നിർദേശമുണ്ട്.
മദ്യം, മയക്കുമരുന്ന് തുടങ്ങിയ സാമുഹ്യ വിപത്തുകളിൽ നിന്ന് വിദ്യാർഥികളെയും യുവതലമുറയെയും അകറ്റി നിർത്തുന്നതിൻ്റെ ഭാഗമായി കായിക മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കും.
ഇതിനായി പത്ത് ലക്ഷം രൂപ വകയിരുത്തി.
ടൂറിസം മേഖലയിലെ സാധ്യതകൾ പഠന വിധേയമാക്കുന്നതിന് 5 ലക്ഷം, ലൈബ്രറികൾക്ക് ഉപകരണങ്ങൾ വാങ്ങുന്നതിന് 10 ലക്ഷം, ക്ലബ്ബുകൾക്ക് സ്പോർട്സ് ഉപകരണങ്ങൾക്കായി 7 ലക്ഷം, ബ്ലോക്ക് ഡേ സാംസ്കാരിക പരിപാടികൾക്ക് 5 ലക്ഷവും വകയിരുത്തി.
ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് മികവിൻ്റെ കേന്ദ്രമാക്കി മാറ്റാനും പദ്ധതിയുണ്ട്.
ബജറ്റ് അവതരണ യോഗത്തിൽ പ്രസിഡൻ്റ് ഷമീന ടീച്ചർ അധ്യക്ഷയായി.
സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷംസീന, അബ്ദുൽ ഹമീദ്, സരോജ ബല്ലാൾ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഇബ്രാഹീം മുണ്ട്യത്തടുക്ക സംസാരിച്ചു.
സെക്രട്ടറി ഗംഗാധരൻ സ്വാഗതം പറഞ്ഞു