
മഞ്ചേശ്വരം.കുഞ്ചത്തൂർ അടുക്കപ്പള്ളക്ക് സമീപം കിണറ്റിനകത്ത് ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ഏതാണ്ട് ഉറപ്പിച്ചു.
ഇന്ന് രാവിലെ മൃതദേഹം
പുറത്തെടുത്തു.
ഡോഗ് സ്ക്വാഡ്, ഫോറൻസിക് വിദഗ്‌ധർ എന്നിവർ സ്ഥലത്തെത്തി
പരിശോധിച്ച ശേഷം ഫയർഫോഴ്സാണ് മൃതദേഹം കരക്ക് കയറ്റിയത്.
മൃതദേഹത്തിൽ വെട്ടേറ്റ പാടുകൾ കണ്ടെത്തി.
ഇതോടെ കൊലപാതകമാണെന്ന കാര്യം പൊലിസ് ഉറപ്പിച്ചു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം വിദഗ്‌ധ പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി.
കർണ്ണാടക, മുൽക്കി, കൊളനാട് സ്വദേശിയും മംഗ്ളൂരുവിലെ ഓട്ടോ ഡ്രൈവറുമായ മുഹമ്മദ് ഷെരീഫി (52)നെ വ്യാഴാഴ്‌ച സന്ധ്യയോടെയാണ് ആൾമറയില്ലാത്ത കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. കിണറിനു സമീപത്ത് ഒരു ഓട്ടോറിക്ഷ ചെരിഞ്ഞു കിടക്കുന്ന നിലയിൽ കണ്ട വഴി യാത്രക്കാരനാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. കിണറ്റിനു അരികിൽ ചോരത്തുള്ളികളും ചെരുപ്പും കണ്ടെത്തിയിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മഞ്ചേശ്വരം പൊലിസ് സ്ഥലത്തെത്തി ഓട്ടോയുടെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരണപ്പെട്ടത് മുഹമ്മദ് ഷെരീഫ് ആണെന്നു സ്ഥിരീകരിച്ചത്. ബുധനാഴ്‌ച രാത്രി മുതൽ ഇയാളെ കാണാനില്ലായിരുന്നു. ഇതു സംബന്ധിച്ച് മുൽക്കി പൊലിസ് സ്റ്റേഷനിൽ കുടുംബം പരാതി നൽകിയിരുന്നു.
ഡിവൈ.എസ്.പി സി.കെ സുനിൽ കുമാർ, ഇൻസ്പെക്ടർ ഇ അനൂപ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടത്തിയത്. സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി