
ഉപ്പള.തലപ്പാടി -ചെങ്കള ദേശീയ പാത പ്രവൃത്തി അവസാനഘട്ടത്തിൽ എത്തിയതോടെ സ്വകാര്യ ബസുകൾ ആറുവരിപ്പാതയിൽ പ്രവേശിച്ച് ഗതാഗത നിയമ ലംഘനം നടത്തുന്നതായി പരാതി.
അപകടപരമ്പരകൾക്കും ജീവൻ നഷ്ടപ്പെടുന്നതിനും കാരണമാകുന്നതായി
എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം പ്രസിഡൻ്റ് സർഫറാസ് ബന്തിയോട് ആർ.ടി.ഒ അധികാരികൾക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.
ബന്തിയോട് -ഷിറിയ റൂട്ടിൽ ഷിറിയ ഗവ.ഹയർ സെക്കൻഡറി സ്കൂൾ,കുനിൽ സ്കൂൾ എന്നീ ബസ്റ്റോപ്പുകളിൽ മാത്രം കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ
ബസുകളുടെ ഗതാഗത ലംഘനത്തെ തുടർന്ന് രണ്ട് അപകടങ്ങളാണ് ഉണ്ടായത്.
ജില്ലയിലെ പലയിടത്തും ഇത്തരം അപകടങ്ങൾ തുടർകഥയാണ്.
ആറുവരിപ്പാതയിൽ യാത്രക്കാരെ ഇറക്കുന്നതാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്.
സ്കൂൾ തുറക്കുന്നതോടെ വിദ്യാർഥികളടക്കമുള്ള യാത്രക്കാരുടെ ജീവനു ഭീഷണിയാകുന്ന തരത്തിലുള്ള ബസുകളുടെ നിയമ ലംഘന ഓട്ടത്തിനെതിരേ ശക്തമായ നടപടി വേണമെന്നും പരാതിയിൽ പറയുന്നു.
കെ.എസ്.ആർ.ടി.സി അടക്കമുള്ള ബസുകളെ സർവീസ് റോഡുകളിലൂടെ തന്നെ സർവീസ് നടത്താനും ,ഇത്തരത്തിൽ നിയമലംഘനം നടത്തുന്ന ബസുകൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു.
എം.എസ്.എഫ് ജില്ലാ സെക്രട്ടറി ജംഷീർ മൊഗ്രാൽ, മണ്ഡലം മർസൂഖ് ഇച്ചിലങ്കോട് എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.