
മഞ്ചേശ്വരം.മഞ്ചേശ്വരം പൊലിസ് സ്റ്റേഷൻ പരിധിയിൽ കുഞ്ചത്തൂർ അടുക്കപ്പള്ളക്ക് സമീപം കിണറ്റിനകത്ത് ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലിസ് ഉറപ്പിച്ചതോടെ കൊലപാതകത്തിൻ്റെ ചുരുളഴിക്കണമെന്നും കൃത്യത്തിൽ ഏർപ്പെട്ട മുഴുവൻ പ്രതികളെയും എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും മുസ് ലിം യൂത്ത് ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡൻ്റ് മുഹമ്മദ് ഹനീഫ് കുച്ചിക്കാട്, ജന.സെക്രട്ടറി സമദ് അരിമല എന്നിവർ ആവശ്യപ്പെട്ടു.
കർണാടക, മുൽക്കി, കൊളനാട് സ്വദേശിയും മംഗളൂരുവിലെ ഓട്ടോ ഡ്രൈവറുമായ മുഹമ്മദ് ഷെരീഫിനെ വ്യാഴാഴ്ച രാത്രിയോടെയായിരുന്നു ആൾമറയില്ലാത്ത കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കേസിൽ ജില്ലാ പൊലിസ് മേധാവിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
ഈ പ്രദേശം കേന്ദ്രീകരിച്ച് നടക്കുന്ന ചൂതാട്ട മാഫിയക്കെതിരേ നേരത്തെ തന്നെ നാട്ടുകാർ നിരവധി തവണ പൊലിസിൽ പരാതി നൽകിയതാണ്.
എന്നിട്ടും ഇത്തരം ചൂതാട്ട സംഘങ്ങൾക്കെതിരേ നടപടി സ്വീകരിക്കാൻ തയ്യാറായില്ല.
അതിർത്തിക്കപ്പുറത്തു നിന്നടക്കം ഇവിടെ ചൂതാട്ടത്തിൽ ഏർപ്പെടാൻ നിരവധി പേർ എത്തുന്നതായി പരാതിയുണ്ട്.
പാവപ്പെട്ട ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയതിന് പിന്നിലും ചൂതാട്ട സംഘമാണെന്ന സൂചനയാണ് പുറത്ത് വരുന്നത്.
നാടിൻ്റെ സമാധാനന്തരീക്ഷത്തിന് വിഘാതം സൃഷ്ടിക്കുന്ന ചൂതാട്ട, ലഹരി മാഫിയകളെ അമർച്ച ചെയ്യാൻ പൊലിസ് തയ്യാറാകണമെന്നും യൂത്ത് ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു.