
കുമ്പള.തലപ്പാടി-ചെങ്കള ദേശീയ പാത പ്രവൃത്തിയുടെ ഭാഗമായി കുമ്പളയിൽ ടോൾ ബൂത്ത് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ ജനരോഷം ശക്തമാകുന്നു.
രാജ് മോഹൻ ഉണ്ണിത്താൻ എം.പി,എം.എൽ.എമാർ അടക്കമുള്ള ജനപ്രതിനിധികളുടെ നേതൃത്വത്തിൽ
പ്രവൃത്തി തടഞ്ഞു.
ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ ആക്ഷൻ കമ്മിറ്റി
ഭാരവാഹികളും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ചേർന്ന് ടോൾ ഗേറ്റിനായി എടുത്ത കുഴികൾ മണ്ണിട്ട് മൂടി.
പ്രതിഷേധം കടുത്തതോടെ ടോൾ ഗേറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിൽ നിന്നും അധികൃതർ പിന്മാറുമെന്നാണ് അറിയുന്നത്.
എം.എൽഎ മാരായ എൻ.എ നെല്ലിക്കുന്ന് ,സി.എച്ച് കുഞ്ഞമ്പു ,എ.കെ.എം അഷ്റഫ് കുമ്പള പഞ്ചായത്ത് പ്രസിഡൻ്റ് യു.പി താഹിറ , ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കാർളെ ,പഞ്ചായത്ത് വൈസ് നാസർ മൊഗ്രാൽ , ബി.എ റഹ്മാൻ ആരിക്കാടി , സി.എ സുബൈർ , ലക്ഷ്മണ പ്രഭു , രഘു ദേവൻ മാസ്റ്റർ , അസീസ് മരിക്കെ, എം. അബ്ബാസ്,എ.കെ ആരിഫ് , സിദ്ധീഖ് ദണ്ഡഗോളി , മനോജ് കുമാർ സി,അൻവർ ഹുസൈൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി.
കേരള കർണാടക അതിർത്തിയിൽ തലപ്പാടിയിൽ ടോൾ ഉണ്ടായിരിക്കെ ഇരുപത് കി.മീ മാത്രം ദൂരത്തിൽ വീണ്ടും ഒരു ടോൾ പിരിവ് നടത്താനുള്ള നീക്കം ഏതുവിധേനയും ചെറുത്ത് തോൽപ്പിക്കാനാണ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം.
ദേശീയ പാതയിൽ അവസാന വട്ട മിനുക്ക് പണികളടക്കം പൂർത്തീകരിക്കാതെയാണ് ടോൾ പിരിക്കാൻ ശ്രമങ്ങൾ ആരംഭിച്ചത്.
ടാറിങ് പ്രവൃത്തികളും മറ്റും പൂർത്തീകരിക്കാനുണ്ട്.
വിവിധയിടങ്ങളിൽ ഫുട് ഓവർ ബ്രിഡ്ജ് നിർമാണമടക്കം പാതിവഴിയിലാണ്.
വിളക്കുകാലുകൾ സ്ഥാപിക്കുന്നതും പൂർത്തിയായിട്ടില്ല.
അതീവ രഹസ്യമാക്കി വെച്ചാണ്
രണ്ടാഴ്ച്ച മുമ്പ് ടോൾ ഗേറ്റ് പ്രവൃത്തി ആരംഭിച്ചത്.
പാലത്തിനോട് ചേർന്ന് അപകട സാധ്യതയേറെയുള്ള ആരിക്കാടി കടവത്ത് ജങ്ഷന് സമീപമാണ് നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നത്.
ഇവിടെ ടോൾ ബൂത്ത് സ്ഥാപിക്കുന്നത് വലിയ തോതിലുള്ള ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമായേക്കും.
