
മലപ്പുറം.നിലമ്പൂരിൽ യുഡിഎഫിന് നല്ല ഭൂരിപക്ഷം ഉണ്ടാകുമെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.
നേരത്തെ പറഞ്ഞതിൽ നിന്ന് ഭൂരിപക്ഷം കുറയില്ലെന്നും നിലമ്പൂരിൽ യുഡിഎഫ് സംവിധാനം ഒറ്റക്കെട്ടായി പ്രവർത്തിച്ചുവെന്നും കുഞ്ഞാലിക്കുട്ടി ഒരു മലയാളം ചാനലിനോട് പ്രതികരിച്ചു.
ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടുണ്ട്. ആര്യാടൻ ഷൗക്കത്തുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ ബാധിക്കില്ല. അതിനെക്കാൾ വലിയ അഭിപ്രായ വ്യത്യാസം ആര്യാടൻ മുഹമ്മദുമായി ഉണ്ടായിരുന്നു. എന്നിട്ടും ലീഗും ആര്യാടൻ മുഹമ്മദും ഒന്നിച്ചു പ്രവർത്തിച്ചിട്ടുണ്ട്. ലീഗ് നേതൃത്വം ഒരു തീരുമാനമെടുത്താൽ അന്തിമമാണ്. ലീഗിന്റെ ഒരു വോട്ടെങ്കിലും ചോർന്നോ എന്നത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അൻവർ വിഷയം തിരഞ്ഞെടുപ്പ് ഫലത്തിന്റെ തലേന്ന് ചർച്ച ചെയ്യേണ്ട വിഷയമല്ല. ലീഗ് വേദികളിൽ പി വി അൻവർ പങ്കെടുത്തത് തിരഞ്ഞെടുപ്പ് സഖ്യം ആയിരുന്നില്ല. 2026-ൽ കൃത്യമായ മാനിഫെസ്റ്റോ യുഡിഎഫിന് ഉണ്ടാകും. അതിവേഗം ബഹുദൂരം എന്ന രീതിയിൽ കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്നും ജനകീയ വിഷയങ്ങളിൽ ശക്തമായ തീരുമാനമുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.