
മഞ്ചേശ്വരം.കാസർകോട്ടെ ട്രെയിൻ യാത്രക്കാരുടെ ദുരിതത്തിന് പരിഹാരം ഇനിയും അകലെ.
തെക്കു നിന്ന് വരുന്ന ഹൃസ്വ ദൂര തീവണ്ടികൾ അധികവും കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്നതിൽ പ്രതിഷേധം കണക്കുന്നു.
ഒമ്പതു വണ്ടികളാണ് ഇങ്ങിനെ ഓടുന്നത്.
വൈകിട്ട് 5.10 കഴിഞ്ഞാൽ കോഴിക്കോട് നിന്ന് കാസർകോട് ഭാഗത്തേക്ക് പ്രതിദിന വണ്ടിയില്ലാത്ത അവസ്ഥയാണിപ്പോൾ.
അടുത്ത വണ്ടിക്ക് പിറ്റേ ദിവസം പുലർച്ചെ 1.10 വരെ കാത്തിരിക്കണം.
വൈകിട്ട്
7.10 കഴിഞ്ഞാൽ വടക്കേ അറ്റത്തെ ജില്ലയിൽ നിന്നുള്ള യാത്രക്കാർക്ക് തെക്കോട്ടേക്ക് ട്രെയിനില്ല.
ഈ ബുദ്ധിമുട്ട് പരിഹരിക്കാൻ കോഴിക്കോട്ട് വൈകിട്ട് 5.35 ന് എത്തിച്ചേരുന്ന ഷൊർണുർ-കണ്ണൂർ എക്സ്പ്രസ്സ് കാസർകോട്/മഞ്ചേശ്വരം വരെ നീട്ടി രാത്രി തന്നെ കണ്ണൂർക്ക് തിരിച്ചു പോകുന്ന വിധത്തിൽ ഓടിക്കണമെന്ന് വടക്കേ മലബാറിലെ യാത്രക്കാരുടെ ആവശ്യം.
അതിനിടെയാണ് ഈ വണ്ടി ഷൊർണ്ണൂർ നിന്ന് കിഴക്കോട്ടേക്ക് പാലക്കാട് വരെ നീട്ടിക്കൊണ്ടുള്ള റെയിൽവേ ഉത്തരവ് വന്നത്.
കഴിഞ്ഞ ജൂലൈ 2 മുതൽ ആരംഭിച്ച ഈ ട്രെയിൻ ഓൺ ഡിമാൻഡ് സ്പെഷ്യൽ വണ്ടി ശനിയാഴ്ച ഒഴികെ ബാക്കി ദിവസങ്ങളിൽ കഴിഞ്ഞ ദിവസം മുതൽ പാലക്കാട് വരെ ഓടി തുടങ്ങുകയും ചെയ്തു. ശനിയാഴ്ചകളിൽ ഈ വണ്ടി ഷൊർണുറിൽ യാത്ര അവസാനിപ്പിച്ചു അവിടെ നിന്ന് തന്നെ മടക്ക യാത്ര ആരംഭിക്കും.
പുതിയ “താൽക്കാലിക വണ്ടി” എന്ന നിലയിലാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
അതേ സമയം ട്രെയിൻ രാവിലെ കണ്ണൂർ മുതൽ കോഴിക്കോട് വരെ ഒരു വണ്ടിയായും, അവിടുന്ന് തെക്കോട്ട് മറ്റൊരു വണ്ടിയായും പ്രത്യേകം നമ്പർ കൊടുത്തിരിക്കുന്നു.
സമയ ക്രമത്തിൽ ചെറിയ മാറ്റവും വരുത്തിയിട്ടുണ്ട്.
അത്യുത്തര മലബാറിലെ യാത്രക്കാരെ പ്രത്യേകിച്ച് കാസർകോട് ജില്ലയെ പൂർണമായും അവഗണിച്ചു കൊണ്ടുള്ള ഈ ഉത്തരവ് ജില്ലയിലെ യാത്രക്കാരിൽ വലിയ അമർഷത്തിനും, പ്രതിഷേധത്തിനും കാരണമാക്കിയിട്ടുണ്ട്.
ഒരു പാസഞ്ചർ വണ്ടി മാത്രമേ കണ്ണൂരിൽ നിന്ന് കാസർകോട് വഴി മംഗളൂരു ഭാഗത്തേക്ക് ഇപ്പോഴുള്ളൂ .
ഈ ഭാഗത്തുള്ളവരുടെ യാത്ര സൗകര്യ പരിമിതി കണക്കിലെടുത്തു കണ്ണൂരിൽ അവസാനിക്കുന്ന ഹൃസ്വ ദൂര പകൽ വണ്ടികൾ വടക്കോട്ട് നീട്ടണമെന്ന ആവശ്യം നിരാകരിച്ചു കൊണ്ടുള്ള റെയിൽവേ യുടെ നടപടി യാത്ര ക്ലേശം അനുഭവിക്കുന്ന കാസറകോട്ടുകാരോടുള്ള കടുത്ത അവഹേളനമാണെന്ന് റെയിൽ പാസഞ്ചർസ് അസോസിയേഷൻ അഭിപ്രായപ്പെട്ടു. കേരളത്തിലെ മറ്റു ഭാഗങ്ങളിൽ അവിടത്തെ എംപിമാർ വേണ്ട വിധത്തിൽ ഇടപ്പെട്ട് യാത്രക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമ്പോൾ കാസർകോട് എം. പി വേണ്ട വിധത്തിൽ ഇടപെടുന്നില്ലെന്ന ആക്ഷേപവും അസോസിയേഷനുണ്ട്. പാലക്കാട്/ഷൊർണുർ – കണ്ണൂർ സ്പെഷ്യൽ എക്സ്പ്രെസ് കണ്ണൂരിന് വടക്കോട്ടേക്ക് കാസർകോട്/മഞ്ചേശ്വരം വരെ നീട്ടാൻ ബഹുജന സമരത്തിന് എം.പി നേതൃത്വം കൊടുക്കണമെന്നും ജനങ്ങൾ ശക്തമായ പിന്തുണയുമായി പിന്നിൽ ഉണ്ടാകുമെന്നും അസോസിയേഷൻ പ്രസിഡന്റ് പ്രശാന്ത് കുമാർ,സെക്രട്ടറി നാസർ ചെർക്കളം, കോർഡിനേറ്റർ നിസാർ പെറുവാഡ് എന്നിവർ പറഞ്ഞു.
കൂടാതെ റെയിൽവേ നേരത്തെ തത്വത്തിൽ അംഗീകരിച്ച കോയമ്പത്തൂർ – കണ്ണൂർ എക്സ്പ്രസ്സ് മംഗളൂരു വരെ നീട്ടുന്ന കാര്യവും ഇത് വരെ തീരുമാനമാകാതെ കിടക്കുകയാണ്.
ഈ രണ്ടു കാര്യങ്ങളിലും കാസർകോട് ജില്ലയിലെ എം. എൽ.എമാർ ഉൾപ്പെട്ട ജന പ്രതിനിധികളും വിഷയത്തിൽ ഇടപെടണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.