
കുമ്പള.ഇന്നലെ പുലർച്ചയോടെയുണ്ടായ കനത്ത വേനൽ മഴയിൽ വിവിധയിടങ്ങളിലെ വെള്ളക്കെട്ട് യാത്രാദുരിതത്തിനിടയാക്കി. മൊഗ്രാലിൽ ദേശീയപാതയിൽ പുതിയ പാലത്തിനു സമീപം വലിയ തോതിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
പുഴയിലേക്ക് വെള്ളം ഒഴുകിപ്പോകാൻ സംവിധാനം ഒരുക്കാത്തതാണ് വെള്ളക്കെട്ട് രൂപപ്പെടാൻ ഇടയാക്കിയത്.
തൊട്ടടുത്ത കാർ ഷോറൂമിലേക്ക് വെള്ളം കയറിയിട്ടുണ്ട്.
മൊഗ്രാൽ ടൗണിൽ പാതിവഴിയിലായ സർവീസ് റോഡിലെ വെള്ളക്കെട്ട് തൊട്ടടുത്തുള്ള ഹൈപ്പർമാർക്കറ്റ് ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് ദുരിതമായി.
ഇതുവഴി ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനക്കാർക്കും ഓട്ടോകൾക്കും യാത്ര ചെയ്യാൻ കഴിയാതെ സ്ഥിതിയുണ്ടായി.
ഉപ്പള മുതൽ മൊഗ്രാൽ വരെ പലയിടത്തും സർവീസ് റോഡിൽ വ്യാപക വെള്ളക്കെട്ട് വാഹന യാത്രക്കാരെ വലച്ചു.
നടപ്പാത നിർമാണത്തിനായി നിരത്തിയ മെറ്റൽ മിശ്രിതം പലയിടത്തും വെള്ളത്തിൽ ഒലിച്ചുപോയി.
കൊടിയമ്മ ജുമാ മസ്ജിദിന് സമീപം, ഒലിച്ചെത്തിയ മണ്ണുംചെളിയും പാലത്തിൽ അടിഞ്ഞുകൂടിയത് കാരണം ഇതുവഴിയുള്ള വാഹന കാൽനട യാത്ര ദുസഹമായി.
മണ്ണ് നീക്കം ചെയ്താൽ മാത്രമേ
വാഹനങ്ങൾക്ക് സുഖമായി കടന്നു പോകാനാകൂ.
വേനൽ മഴ ദേശീയപാത നിർമാണ പ്രവൃത്തിയെയും ബാധിച്ചു.
സർവീസ് റോഡ് നിർമാണം പൂർത്തീകരിക്കാത്തത് വിവിധയിടങ്ങളിൽ വെള്ളക്കെട്ടിന് കാരണമായി.