
കുമ്പള.നിർമാണം പാതിവഴിയിലായ കുമ്പള മുജുങ്കാവിലെ യക്ഷഗാന കലാകേന്ദ്രത്തിൻ്റെ തുടർ വികസനത്തിന് സർക്കാർ നടപടി ആരംഭിച്ചു.
യക്ഷഗാന കുലപതി പാർഥി സുബ്ബയുടെ നാമകരണത്തിലാണ് കലാകേന്ദ്രം.
അക്കാദമി പുന:സ്ഥാപിക്കാനും, അറ്റകുറ്റപ്പണികൾ നടത്താനും നടപടി സ്വീകരിച്ചു വരുന്നതായി അധികൃതർ പറയുന്നു.
കുമ്പള മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് രവി പൂജാരി സർക്കാറിന്റെ “കരുതലും കൈത്താങ്ങും” താലൂക്ക് തല അദാലത്തിൽ നൽകിയ പരാതിക്കുള്ള മറുപടിയിലാണ് ജില്ലാ അക്കൗണ്ടൻസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഇതുമായി ബന്ധപ്പെട്ട വിഷയത്തിൽ മറുപടി നൽകിയത്.
തുളു നാടിന്റെ കലാരൂപമായ യക്ഷഗാനത്തെ സർക്കാർ അവഹേളിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
തകർച്ചയെ നേരിടുന്ന കെട്ടിടം പുന:സ്ഥാപിക്കാൻ നടപടി വേണമെന്നായിരുന്നു പ്രധാന ആവശ്യം.
2019 നിർമാണം ആരംഭിച്ച കെട്ടിടം പാതിവഴിയിൽ ഉപേക്ഷിച്ചതിനാൽ കാടുമുടി നാശം നേരിടുകയാണ്. രാത്രികാലങ്ങളിൽ ഇവിടെ സാമൂഹിക ദ്രോഹികളുടെ അഴിഞ്ഞാട്ടം പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.
പദ്ധതിക്ക് ഇങ്ങനെയൊരു അവസ്ഥ വന്നതിൽ കലാകാരന്മാർക്കിടയിൽ വലിയ പ്രതിഷേധമുണ്ട്.
കഴിഞ വാർഷിക പദ്ധതിയിൽ പുനർനിർമാണത്തിന് സർക്കാർ ഫണ്ട് അനുവദിച്ചിരുന്നുവെന്ന് പറഞ്ഞുകേട്ടിരുന്നുവെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.